പാവൽ കൃഷി


 പാവല്‍ തോട്ടത്തിന്റെ പരിചരണം


പാവല്‍ നടുമ്പോള്‍ത്തന്നെ കമ്പോസ്‌റ്റോ കാലിവളമോ 10 കിലോ അളവില്‍ ചേര്‍ക്കണം. കൂടാതെ ഒരു സെന്റിന് ആവശ്യമായ ജൈവവളങ്ങള്‍ ഇപ്രകാരം. എല്ലുപൊടി (475 ഗ്രാം), ചാരം (830 ഗ്രാം), കപ്പലണ്ടി പിണ്ണാക്ക് (2.10 കിലോ); രാസവളങ്ങളാണെങ്കില്‍ നേര്‍വളങ്ങള്‍ ഇങ്ങനെ: യൂറിയ (330 ഗ്രാം), രാജ് ഫോസ് (500 ഗ്രാം), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (165 ഗ്രാം). വളപ്രയോഗസമയത്ത് നനയ്ക്കണമെന്ന് ഓര്‍ക്കുക. എങ്കിലും നന ആവശ്യത്തിന് മാത്രം മതി. പൂവും കായുമുള്ളപ്പോള്‍ ഒന്നിരാടം നനയ്ക്കുക. നടുമ്പോഴും ഒരു മാസം പ്രായമാകുമ്പോഴും തടമൊന്നിന് 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ഇടുക. ഉണക്കമീന്‍ കെണിയോ, ഫിറമോണ്‍ കെണിയോ പന്തലില്‍ തൂക്കി കായീച്ചശല്യം തടയാം


പാവല്‍ കൃഷി ലാഭകരമാക്കാനുള്ള ചില മാര്‍ഗങ്ങള്‍.

1. പാവല്‍ കൃഷി ചെയ്യുന്ന മണ്ണ് കുറഞ്ഞത് ഒരടി ആഴത്തില്‍ കിളയ്ക്കണം. കട്ടപ്പൊട്ടിച്ച് പാകപ്പെടുത്തി വേണം കൃഷി തുടങ്ങാന്‍.

2. നീര്‍വാര്‍ച്ചയുള്ളതും ഇളക്കമുള്ളതുമായ മണ്ണില്‍ വേണം കൃഷി ചെയ്യാന്‍.

3. വിത്ത് ഒരു ദിവസം പാലില്‍ മുക്കിയിട്ട് ശേഷം നടുക. നല്ല കരുത്തോടെ ചെടികള്‍ വളരാന്‍ ഇതു സഹായിക്കും.

4. ചെടി വളര്‍ന്നു തുടങ്ങിയാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ രണ്ടു ശതമാനം വേപ്പെണ്ണ ബാര്‍സോപ്പ്-വെളുത്തുള്ള എമല്‍ഷന്‍, രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി എന്നിവ ഇലകളിലും തടത്തിലും തളിച്ചു കൊടുക്കാം.

5. വള്ളി പന്തലില്‍ കയറി എത്തും വരെ ശിഖരങ്ങളൊന്നും അനുവദിക്കരുത്.

6. ഒരു തടത്തില്‍ അഞ്ച് വിത്തെങ്കിലും വിതച്ച് രണ്ടു മൂന്നു ചെടികള്‍ മാത്രം നില നിര്‍ത്തുക.

7. കീടങ്ങളെ അകറ്റാന്‍ മഞ്ഞക്കെണി, കഞ്ഞിവെള്ളക്കെണി പോലുള്ളവ ഉപയോഗിക്കുക.


അഭിപ്രായങ്ങള്‍